الجمعة، 4 أكتوبر 2013

സമന്വയ വിദ്യാഭ്യാസത്തിന്റെ ആധാര ശിലകൾ Speech by Prof: Abdul Hakeem Faizy Adrissery


പ്രഫ.അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി 
(അമ്പലക്കണ്ടി പി.സി.ഉസ്താദ് ഇസ്ലാമിക് ആൻറ് ആർട്സ് കോളേജിൽ സി.ഐ.സി കോർഡിനേറ്റർ പ്രഫ.അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ)

വളരെ ഗൗരവം തുടിക്കുന്ന ഈ സദസ്സിൽ വൈജ്ഞാനിക മുന്നേറ്റ ചരിത്രത്തിൽ വർത്തമാനകാലത്തിന്റെ ഭാഗധേയം സവിനയം നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന വാഫി സംവിധാനത്തെക്കുറിച്ചും ദീനീ വിജ്ഞാനങ്ങളെക്കുറിച്ച് പൊതുവിലും ചിലത് പറയാൻ ശ്രമിക്കുകയാണ്.
കേരളം ഇൽമിന്റ നാടാണ്.കേരളത്തോളം ദീനീ ഉലൂമിന് പ്രാധാന്യം കൊടുത്ത പ്രദേശങ്ങൾ ഇന്ത്യയിൽ കുറവാണ്. പക്ഷേ ഇന്ത്യയുടെ വൈജ്ഞാനിക ചരിത്രം എഴുതുന്നവർ പലപ്പോഴും നമ്മളെ അർഹമാം വിധം ഓർക്കാറില്ല.ഈ പുതിയോത്ത് മഹല്ലിന്റെ ചരിത്രവും അതു തന്നെയാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ദീനീ വിജ്ഞാനം സ്വതന്ത്രമായി മാത്രം നിലനിന്ന് പോന്നിട്ടുള്ള ഒന്നല്ല.അതിന്റെ ചരിത്രം സമന്വയത്തിന്റെ ചരിത്രമാണ്.പൊതുവെ നമ്മുടെ പള്ളികൾ വഖ്ഫ് ചെയ്യുമ്പോൾ അശ്അരീ, മാതുരീതി എന്നീ രണ്ടാലൊരു ത്വരീഖത്തു പ്രകാരമായിരിക്കണം ഇ അതിന്റെ പ്രവർത്തനങ്ങൾ എന്ന് എഴുതി വെച്ചിട്ടുണ്ട്. എന്താണ് അശ്അരീ ത്വരീഖത്ത് എന്ന് ആലോചിക്കുന്നത് ഉചിതമാണ്.നമ്മുടെ ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞാൽ അശ്അരി ത്വരീഖത്ത് എന്നത് 'സമന്വയ രീതി' എന്നാണർത്ഥം.അശ്അരീ ത്വരീഖത്ത് രൂപപ്പെടുന്നത് ഭൗതിക വിദ്യഭ്യാസം ഇസ്ലാമിക വിദ്യഭ്യാസത്തിന്റെ കൂടെ പഠിപ്പിക്കേണ്ടതുണ്ടോ ഇല്ലേ എന്ന വാദപ്രതിവാദത്തിലാണ്. അഹ്മദുബ്നു ഹമ്പൽ (റ) ഉൾപ്പെടെയുള്ളവർ ദീനീ വിദ്യാഭ്യാസം അതിന്റെ തനത് സോഴ്സിൽ നിന്ന് എങ്ങനെയാണോ കിട്ടുന്നത് അങ്ങനെ മാത്രം പഠിപ്പിക്കപ്പെട്ടാൽ മതി എന്ന് സിദ്ധാന്തിച്ചു.ഗ്രീക്കു തത്വശാസ്ത്ര പ്രകാരം ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ ബലപ്പെടുത്തുന്നത് നല്ലതാണ് എന്ന് അബുൽ ഹസനുൽ അശ്അരി (റ) ഉൾപ്പെടെയുള്ളവർ പറഞ്ഞു.ഖുർആൻ സൃഷ്ടിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് ഉയർന്നു വന്നത്.
ഗ്രീക്കു തത്വശാസ്ത്രം അറബികൾക്കിടയിൽ വളരെ പ്രചാരം നേടിയ കാലമായിരുന്നു അത്.അന്നത്തെ ഭൗതിക വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരുപക്ഷേ ഗ്രീക്ക് തത്വശാസ്ത്രമാണ്. അത് അറിവിന്റെ ഒരു വലിയ ഉറവിടമാണ്.ഇന്നും അതിന്റെ സ്വാധീനം നമുക്ക് കാണാൻ കഴിയും.

ഗ്രീക്കു പഠനശാസ്ത്രം മുസ്ലിം ലോകത്ത് പ്രവേശിച്ചിട്ടുണ്ടായിരുന്നില്ല.റോമുമായുള്ള ഒരു യുദ്ധത്തിൽ മഅമൂൻ ജയിച്ചപ്പോൾ  നഷ്ടപരിഹാരം കൊടുക്കാൻ റോം ചക്രവർത്തിയുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല.എന്ത് നഷ്ടപരിഹാരമായി അക്കരെക്കടത്തി ക്കൊണ്ടു പോവുമെന്ന് നോക്കുമ്പോൾ ഒരു വലിയ ഗോഡൗൺ കണ്ടു. ഇതെന്താണെന്ന്  ചോദിച്ചു.ഇത് ഉപദ്രവകാരിയായ ആർക്കും വേണ്ടാത്ത ഇനി ആരെങ്കിലും അത് പഠിച്ചാൽ വലിയ അപകടം വന്നു പോവുന്ന കുറേ ഗ്രന്ഥങ്ങളുടെ കേതാരമാണ്;ഇതാർക്കും കിട്ടരുത് എന്ന് കരുതിയാണ് ഒന്നിലധികം താഴിട്ടു പൂട്ടിയിരിക്കുന്നത് എന്ന് മറുപടി കിട്ടി.ഈ ഗോഡൗൺ ഒരുപാട് താഴിട്ടു പൂട്ടിയതിനെക്കുറിച്ചൊരു ചരിത്രമുണ്ട്:റോമിലെ ഒരു രാജാവ് അദ്ദേഹത്തിന്റെ കാലംവരെ അത് പൂട്ടിയിട്ടിരിക്കുന്നതായിക്കണ്ടു.കാരണം അന്വേഷിച്ചപ്പോൾ മഹാരാജാവിനു കിട്ടിയ മറുപടി ഇതിനകത്തെ ഗ്രന്ഥങ്ങൾ മഹാ ഉപദ്രവകാരികൾ ആണ് എന്നായിരുന്നു.ഇത് തുറക്കുന്നതിന്റെ പേരിൽ തന്റെ കാലത്ത് അപകടങ്ങൾ വന്നെത്തരുതെന്ന് കരുതി അദ്ദേഹത്തിന്റെ വക ഒരു പൂട്ടിട്ടു.പിന്നീട് വന്ന രാജാക്കന്മാരൊക്കെ അവരുടെ കാലത്ത് ആപത്ത് വരുന്നതിനെ ഭയന്ന് വീണ്ടും വീണ്ടും താഴിട്ടു പൂട്ടി എന്നാണ് ചരിത്രം.ഈ ഗ്രന്ഥ  ശേഖരമാണ് മഅമൂൻ അദ്ദേഹത്തിന് നഷ്ടപരിഹാരമായി കിട്ടേണ്ടുന്ന വലിയ തുകക്ക് പകരം കടലു കടത്തി ബാഗ്ദാദിലേക്ക് കൊണ്ടുവന്നത്.ഈ ഗ്രന്ഥങ്ങളുടെ ഭാഷയെ കുറിച്ചും അതിൽ പ്രതിപാദിക്കുന്ന വിഷയത്തെക്കുറിച്ചും അറിയുന്നവർ ആരും അവിടെയുണ്ടായിരുന്നില്ല.  അറബികൾ എന്തും പഠിക്കാനും അറിയാനും   കണ്ടെത്താനും വലിയ വാശിയുള്ള ആളുകൾ  ആയതിനാൽ ഭാഷ  അറിയുന്ന ആളുകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിളിച്ചു വരുത്തി അതിന്റെ ഭാഷ പഠിച്ചു അവ അറബിയിലക്ക് വിവർത്തനം ചെയ്തു.
പിന്നീട് ഇന്ത്യയിൽ നിന്ന് സംസ്കൃത ഭാഷയിലുള്ള കുറേ ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അങ്ങനെ ഗ്രീക്ക് ഫിലോസഫിയും ഇന്ത്യൻ ഫിലോസഫിയും ഉൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അറിവുകളൊക്കെ ഖിലാഫത്തിന്റെ ആസ്ഥാനത്ത് കൊണ്ടുവരപ്പെടുകയും അവയൊക്കെ അറബിയിലേക്കും അറബിയിൽ നിന്നും ഈ ഭാഷകളിലേക്കും ആധാനപ്രധാനം നടത്തുന്ന സ്ഥിതിവിശേഷങ്ങളുണ്ടായി.ഈ പണ്ഡിതന്മാർക്ക് ഒരുപാട് സൗകര്യങ്ങൾ രാജാക്കന്മാർ ഒരുക്കിയിരുന്നത്.ഇന്ന് നമ്മൾ കണ്ടവരുന്ന അടിസ്ഥാന സൗകര്യങ്ങളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളും മാധ്യമങ്ങളുമൊക്കെ അന്നുണ്ടായിരുന്നു. അങ്ങനെ അറിവുകൾ അങ്ങോട്ടുമിങ്ങോട്ടും പകർന്നു കൊടുക്കുന്നത് ഒരു ഫാഷനായിത്തീർന്നു. അങ്ങനെയാണ് ഇന്നു നമ്മൾ പള്ളി ദർസുകളിലൊക്കെ ഓതുന്ന ഗ്രീക്കു ഫിലോസഫിയിൽ നിന്നുണ്ടായിട്ടുള്ള മൻത്വിക്കും ഹിക്മത്തുമൊക്കെ ദീനീ വിജ്ഞാനം പഠിക്കുന്ന കൂട്ടത്തിൽ അറബി ഭാഷയിൽ പള്ളി ദർസുകളിൽ വരുന്നത്.
ഇന്ന് SSLC, പ്ലസ്ടു, എഞ്ചിനീയറിങ് തുടങ്ങിയ ക്ലാസുകളിൽ പഠിക്കുന്ന വിഷയങ്ങൾ പള്ളി ദർസുകളിൽ ഞങ്ങളുടെ തലമുറ പഠിച്ചിട്ടുണ്ട്.ഈ വിദ്യാഭ്യാസമൊക്കെ വേണ്ടതു തന്നെയാണ്.കാലത്തിനനുസരിച്ച പരിഷ്കരണം വേണം എന്ന് മാത്രം.Mathamatics ദർസിൽ പഠിച്ചവർക്ക് തിരിയാത്ത പുതിയ ഒന്നാണെന്നാണ് പലരുടെയും ധാരണ. വാസ്തവത്തിൽ ഞങ്ങളും ദർസിൽ മാത്സ് പഠിച്ചിട്ടുണ്ട്. ഖുലാസത്തുൽ ഹിസാബ് എന്നു പറയുന്ന കിതാബിൽ ആൾജിബ്ര വളരെ വിശാലമായി പഠിപ്പിക്കുന്നുണ്ട്.സമസ്ത മുശാവറ അംഗമായിരുന്ന കാപ്പിൽ ഉമ്മർ മുസ്ലിയാർ ആൾജിബ്രയിൽ വലിയ മിടുക്കനായിരുന്നു.അസ്ട്രോണമി,ഫിസിക്സ് ഇവയൊക്കെ നന്നായി അറിയുന്ന ആളായിരുന്നു.നാട്ടിൽ ഒരു കെട്ടിട നിർമ്മാണത്തിന്റെ കാര്യത്തിൽ എഞ്ചിനീയറുമായി ഇടപെട്ടു സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഇയാൾ വെറും തലയിൽ കെട്ടുകെട്ടിയ മുസ്ല്യാർ മാത്രമല്ല ഇതൊക്കെ പഠിച്ച ആളാണെന്നു എഞ്ചിനിയർക്ക് മനസ്സിലാവുന്നത്.ഇന്നെത്തെ എഞ്ചിനീയർമാർ പഠിക്കുന്നത് ഇംഗ്ലീഷിലും ദർസിൽ അന്ന് പഠിച്ചത് അറബിയിലും ആയിരുന്നു എന്നു മാത്രം.

അറബി ഭാഷ വിജ്ഞാനത്തിന്റെ ഭാഷയാണ്.അറിവുകൾ അറബിയിലാണുണ്ടായിട്ടുള്ളത്.അറബികൾ അല്ലാത്തവർ ഉപദ്രവം ഭയന്ന് മാറ്റി നിർത്തിയ വിജ്ഞാന ശേഖരത്തെ കോടിക്കണക്കിന് രൂപക്ക് പകരമായി സ്വീകരിച്ച് ത്യാഗം സഹിച്ച് മഅമൂൻ കടലു കടത്തിക്കൊണ്ടുവന്നു. പിന്നീട് അതിന്റെ കാഴ്ചപ്പാടുകൾ മനസിലാക്കി അതിനെ ഭാഷാന്തരപ്പെടുത്തി ഇന്ത്യയിലേക്കും ഈജിപ്തിലേക്കും മറ്റും കൊടുത്തയച്ചു.അവയെ അറിവുകളായിത്തിരിച്ചറിഞ്ഞ് ആദ്യമായി ലോകത്തിനു കൈമാറിയത് അറബികളാണ്.കേവലം പരിഭാഷകർ മാത്രമായിരുന്നില്ല. ഗ്രീക്കുകാർ അതെഴുതി വെക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.അത് കൊണ്ട് തന്നെ ഇത്തരം അറിവുകളുടെ യഥാർത്ഥ പിതാക്കൾ അറബികളാണ്.കടലിൽ കപ്പലോട്ടുന്നത് അസാധ്യമാണെന്നു വിശ്വസിച്ച ഗ്രീക്കുകാർക്ക് സാധ്യമാണെന്ന് കാണിച്ചു കൊടുത്തത് അറബികളാണ്.റൈറ്റ് സഹോദരന്മാർ ആകാശത്ത് പറക്കുന്നതിന്റെ ആയിരം കൊല്ലം മുമ്പേ അബ്ബാസു ബ്നു ഫർനാസ് എന്ന പണ്ഡിതൻ പറന്നിട്ടുണ്ട്. ഈ ചരിത്രം വിമാനത്തിന്റെ എഞ്ചിൻ നിർമിച്ചു കൊടുക്കുന്ന റോൾസ്റൂയ്സ് കമ്പനിയുടെ സൈറ്റിലുണ്ട്.അബൂദാബി ജനറൽ മോട്ടേഴ്സിലെ ഒരു അറബി ഡിസൈൻ ചെയ്ത 4 കാറുകൾ  ഈ കമ്പനി അദ്ദേഹത്തെ ബഹുമാനിച്ചു കൊണ്ടിറക്കിയിട്ടുണ്ട്.ആ കാറിൽ അബ്ബാസു ബ്നു ഫർനാസ് എന്ന മുസ്ലിം പണ്ഡിതൻ പറക്കുന്ന ചിത്രം കാണാം.അതിന്റെ ചരിത്രവുമുണ്ട്:
ഖുർത്വുബാ പള്ളിയിൽ ഒരു വെള്ളിയാഴ്ച ജുമുഅക്ക് വന്നവരോട് അബ്ബാസു ബ്നു ഫർനാസ് പറഞ്ഞുവത്രെ: "ഇന്ന് ജുമുഅ കഴിഞ്ഞ് ആരും ധൃതിപ്പെട്ട് പോവരുത്,ഞാൻ പറക്കാൻ പോവുകയാണ്". ആലിമീങ്ങളിൽ ചിലർ അതൊക്കെ നാശത്തിലേക്കുള്ള എടുത്തു ചാട്ടമാണെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തിയെങ്കിലും അദ്ദേഹം ദീർഘനേരം പറന്നു എന്നാണ് ചരിത്രം.ഈ പറന്നത് റൂസ് റോയ്സ്  കമ്പനി അംഗീകരിക്കുന്നു. കര കടലാക്കി ഉപയോഗിച്ചതും നമ്മൾ തന്നെയാണ്.ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ വേണ്ടി വഴുവഴുപ്പുള്ള ഒരു ദ്രാവകം കണ്ടെത്തി അത് കരയിലൊഴിച്ച് കപ്പൽ അതിലൂടെ വലിച്ചിഴച്ച് ശത്രുക്കളിൽ നിന്നും രക്ഷ നേടി.ആൾജിബ്ര എന്നു പറഞ്ഞാൽ ഒരു യൂറോപ്യക്കാരനാണെന്നാണ് നമ്മളൊക്കെ ധരിച്ചിരിക്കുന്നത്.അൽ ജബ്ർ എന്നത് ആൾജിബ്ര എന്നായിരിക്കുകയാണ്.ഇദ്ദേഹം ഒരു മാത്തമാറ്റീഷ്യൻ മാത്രമല്ല  അസ്ട്രോണമി ഉൾപ്പെടെ ഒരുപാട് വിജ്ഞാനശാഖകളിൽ അറിവുള്ള ശാസ്ത്രജ്ഞനാണ്.

നമ്മുടെ ചരിത്രം സുവർണ്ണമാണ്. ഇതൊക്കെ അംഗീകരിക്കാനും തിരിച്ചുപിടിക്കാനുമുള്ള ഒരു ഗർവ്വ് പുതിയ തലമുറക്ക് വേണം.ഭൗതിക വിദ്യാഭ്യാസം വാസ്തവത്തിൽ നമ്മുടെ ഇമാമീങ്ങളുടേതാണ്.  മോറിസ് ബുക്കായിയുടെ ഖുർആൻ ബൈബിൾ സയൻസ് എന്ന ഗ്രന്ഥത്തിൽ ഇത്തരത്തിലുള്ള ഒരുപാട് ചരിത്രങ്ങൾ ഉണ്ട്. പള്ളിയിൽ നിന്ന് ജമാഅത്ത് കഴിഞ്ഞ് ദുആക്ക് നിൽകാതെ സ്വഫുകൾ വകഞ്ഞു മാറ്റി ധൃതിയിൽ പോവുന്ന മുസ്ല്യാരോട് ഇത്ര വലിയ ധൃതി എന്താണെന്ന്  ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി: "ഞാൻ ജമാഅത്തിന്റെ സമയമായപ്പോൾ ലാബിൽ നിന്ന് പോന്നതാണ് അവിടെ സമയത്തിനു തിരിച്ചെത്തിയില്ലെങ്കിൽ കത്തലും ഞെരിച്ചിലും നടക്കും".
വലിയ തലയിൽ കെട്ടും തസ്ബീഹ് മാലയും പിടിച്ച മുസ്ലിയാർ ആയിരുന്നു അവർ.അറിവുകൾ അവരുടെ കുത്തകയാണെന്നല്ല  പറയുന്നത്.നാം മുസ്ലിമീങ്ങൾ അന്ന് അങ്ങനെയായിരുന്നു എന്ന് ഓർമ്മിപ്പിക്കുകയാണ്.

ശാഫീ ഇമാമിന്റെ ദീവാനിന്റ ആമുഖത്തിൽ അദ്ദേഹത്തിന് അന്നത്തെ അളവിൽ കെമിസ്ട്രി അറിയാമെന്ന് കാണാം.അറിവുകൾ പാശ്ചാത്യന്മാരുടെതും ഭൗതികന്മാരുടെതും ആര്യന്മാരുടെതും ആണെന്നു പറഞ്ഞു മാറ്റി നിർത്തുന്നത് നമ്മൾ തന്നെയാണ്.എല്ലാം നമ്മൾ നഷ്ടപ്പെടുത്തി.

വൈദ്യ ശസ്ത്രത്തിന്റെ പിതാവ് ഇബ്നു സീനയാന്ന്.ആധുനിക വൈദ്യശാസ്ത്രം തന്നെ ഇബ്നു സീനയെ വൈദ്യശാസ്ത്രത്തിന്റെ പിതാവായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ Physics, Chemistry,Medicine ഇവയൊക്കെ പഠിക്കാൻ പോവുന്നത്  ചരിത്രപരമായിട്ട് ഇസ്ലാമികമാണ്. അതിലേക്കൊക്കെയുള്ള തിരിച്ചു പോക്കു തന്നെ തനതു പാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്കാണ്. അശ്അരീ ത്വരീഖത്തിന്റെ വാദം ഈ വിദ്യകൾ ഇസ്ലാമിക വിദ്യകൾക്കൊപ്പം പഠിപ്പിക്കണം എന്നാണ്. അതിന്റെ എതിർവാദമാണ് ഹമ്പലീ ത്വരീഖത്തിന്റത്. ഹമ്പലി ഒരു മദ്ഹബ് മാത്രമല്ല ത്വരീഖത്തു കൂടിയാണ്.ഹമ്പലീ ത്വരീഖത്തിന്റെ വാദവും അശ്അരീ ത്വരീഖത്തിന്റെ വാദവും തമ്മിൽ അന്ന് ഏറ്റുമുട്ടലുകൾ നടന്നു.അതിനു ശേഷം വന്ന ത്വരീഖത്താണ് മാതുരീദി ത്വരീഖത്ത്.ഈ രണ്ട് ത്വരീഖത്തും ഗ്രീക്ക് ഫിലോസഫി പോലോത്ത അന്നത്തെ ഭൗതിക വിദ്യാഭ്യാസം ദീനിനൊപ്പം പഠിപ്പിക്കണം എന്ന കൂട്ടത്തിലാണ്.അതിനാത്തന്നെ ഭൗതിക വിദ്യാഭ്യാസം പഠിക്കലും പഠിപ്പിക്കലും നമ്മുടെ തനത് പാരമ്പര്യത്തിൽ പെട്ടതാണ്.നമ്മുടെ പള്ളി ദർസുകളും മറ്റും അതിലേക്ക് തിരിച്ചു പോവണം.

ഇവിടെ പള്ളി ദർസുകളിൽ രണ്ട് രീതികളായിരുന്നു ഉണ്ടായിരുന്നത്: പൊന്നാനി രീതി,നിളാമീ രീതി.ഫത്ഹുൽ മുഈൻ പോലോത്ത ഫിഖ്ഹിയ്യായ കിതാബുകളും ഇർശാദ്, മുർശിദ് പോലോത്ത തസവ്വുഫിന്റെ കിതാബുകളും അൽപം ബലാഗ എന്നീവയുമാണ് പൊന്നാനീ രീതി അനുസരിച്ച് പഠിപ്പിച്ചിരുന്നത്.ഹദീസ് ഫിഖ്ഹിൽ നേരിട്ട് ഇടപെടുന്നത് കൊണ്ട് ഫിഖ്ഹിന്റ വീക്ഷണം തെറ്റുമോ എന്ന് ഭയന്ന് ഹദീസ് പഠിപ്പിച്ചിരുന്നില്ല.ആ രീതിയേക്കാൾ മെച്ചപ്പെട്ട രീതിയാണ് മുല്ല നിളാമുദ്ധീൻ എന്നവർ കൊണ്ടുവന്ന പരിഷ്കരണം എന്ന് തിരിച്ചറിഞ്ഞ് അത് കേരളത്തിലേക്ക് കൊണ്ട് വന്നത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്.ഇദ്ദേഹം  വലിയ പണ്ഡിതനാണ്.ഈ രീതി  ബിദ്അത്താണെന്നും തള്ളപ്പെടേണ്ടതാണെന്നും ഉള്ള വാദങ്ങൾ  ഉയർന്നപ്പോൾ അതിനെ പ്രതിരോധിച്ചത് മഹാനായ ഖുത്ബീ തങ്ങളും കണ്ണിയത്തുസ്താദുമായിരുന്നു.ഈ രീതിയാണ് ഇവിടെ പിന്നീട് സ്വീകാര്യത നേടിയത്.

ഇന്ന് ഇംഗ്ലീഷിനു പ്രാധാന്യമുള്ള പോലെ അന്ന് പേർഷ്യൻ ഭാഷക്ക് പ്രാധാന്യമുള്ളതു കൊണ്ട് നമ്മുടെ ഉസ്താദുമായ പണ്ഡിതന്മാരൊക്കെ ഫാരിസി ഭാഷ പഠിച്ചിരുന്നു.ഇംഗ്ലീഷുകാർ ഈ നാട്ടിലേക്ക് വന്നതിന്നു ശേഷമാണ് ആധിപത്യത്തിന്റെ ഭാഷ ഇംഗ്ലീഷയത്.അന്ന് ആധിപത്യത്തിന്റെ ഭാഷ പേർഷ്യനായതു കൊണ്ട് അവർ പേർഷ്യൻ ഭാഷ ദീനിനൊപ്പം പഠിച്ചു. അങ്ങനെയാണെങ്കിൽ ഇന്നു നമ്മുടെ  മുസ്ലിയാർമാർ  ഇംഗ്ലീഷാണ് പഠിക്കേണ്ടതാണ്.

ഇങ്ങനെയൊരു ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് സമന്വയ വിദ്യാഭ്യാസം വേണമെന്ന മുറവിളി നമ്മുടെ നാട്ടിൽ ശക്തമായത്.ഇബ്നു ഹജറുൽ ഹൈതമി(റ)പോലോത്തവരുടെ കിതാബുകൾ പരിശോധിച്ചാൽ ആ കാലത്തുണ്ടായിരുന്ന എല്ലാതരം ഭൗതിക വിജ്ഞാനങ്ങളെക്കുറിച്ചും അവർക്ക് അറിവുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും.

വാഫി കോഴ്‌സും ഹുദവി കോഴ്സും സമാനമായ മറ്റ് കോഴ്സുകളും ആ പാരമ്പര്യത്തിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളായി ഞാൻ കാണുന്നു.ഈ ശ്രമങ്ങളളെ മഹാന്മാരായ നമ്മുടെ പണ്ഡിതന്മാരൊക്കെ പിന്തുണച്ചിരുന്നു.മടവൂർ സി.എം വലിയുള്ളാഹി തന്റെ ദർസിൽ അസറിന് ശേഷം ഇംഗ്ലിഷും മറ്റ് വിഷയങ്ങളും പഠിപ്പിക്കാൻ അമുസ്ലിമായ ഒരധ്യാപകനെ നിശ്ചയിച്ചതായി ഞാൻ വായിച്ചിട്ടുണ്ട്.സമന്വയം തുടങ്ങിയത് വാഫിയും ഹുദവിയുമല്ല, എടവണ്ണപ്പാറ റശീദിയ്യ അറബിക് കോളേജിൽ കണ്ണിയത്ത് ഉസാതാദാണെന്ന് ഹൈദറലി തങ്ങൾ എപ്പോഴും പറയാറുണ്ട്. കണ്ണിയത്തുസ്താദിന് ഇത്തരം പുതുമകൾ ഇഷ്ടമായിരുന്നു. എന്തെങ്കിലും കത്തുകളെഴുതുമ്പോൾ അവസാനം ഹെഡ് മുദരിസ് എന്ന് എഴുതിയ ശേഷമാണത്രെ അദ്ദേഹം ഒപ്പ് വെച്ചിരുന്നതെന്ന് പ്രയപ്പെട്ട ശിഷ്യനായ സൈദ് മുഹമ്മദ് നിസാമി പറഞ്ഞിരുന്നു.
മുദരിസ് എന്ന അറബി വാക്കിനോട് കൂടെ ഹെഡ് എന്ന ഇംഗ്ലിഷ് വാക്ക് ചേർത്ത് ഉപയോഗിക്കുന്നതിൽ അദ്ദേഹത്തിന് താൽപര്യമായിരുന്നു.
പ്രമുഖ പണ്ഡിതനായ കരിങ്കപ്പാറ ഉസ്താദ് തഫ്സീർ ക്ലാസിൽ ഒരോ ആയത്തിന്റെ അർത്ഥം പറഞ്ഞതിന് ശേഷവും ഞങ്ങൾക്കിടയിൽ മലയാളത്തിൽ മിടുക്കനായ സൈനുദ്ധീൻ എന്ന വിദ്യാർത്ഥിയോട് ശുദ്ധ മലയാളത്തിൽ അർത്ഥം പറയാൻ പറയുമായിരുന്നു. പൂർവികരായ ഈ പണ്ഡിത മഹത്തുക്കൾക്കൊക്കെ മലയാള ഭാഷ,ഇംഗ്ലിഷ്,മറ്റ് ദൗതിക വിഷയങ്ങൾ തുടങ്ങിയവയോട് താൽപര്യമായിരുന്നു.

വാഫി കോഴ്സിന്റെ തുടക്കം വളാഞ്ചേരി മർക്കസിലാണല്ലോ. സമസ്തയുടെ ഏതാണ്ടെല്ലാ മഹാന്മാരുടെയും പേരമക്കൾ അവിടെ പഠിച്ചിട്ടുണ്ട്.മഹാന്മാരുടെ ആത്മാവ് ഇതിന്റെ കൂടെയുണ്ടെന്നതിന്റെ തെളിവായി നമുക്കതിനെ കാണാം.
പാരമ്പര്യമായ എല്ലാ കിതാബുകളും ആധുനിക സുന്നി കിതാബുകളും അറബി ഭാഷയും ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്.ഭാഷാ പഠനത്തിൽ പുതിയ രീതികൾ ഉപയോഗിക്കുന്നു. ലോകത്തിന് മുമ്പിൽ നമുക്ക് വാതിൽ തുറക്കാൻ സാധിച്ചു.220 സർവകലാശാലകളുടെ കൂട്ടായ്മയായ അന്താഷ്ട്ര ഇസ്ലാമിക് യുണിവേഴ്സിറ്റീസ് ലീഗിന്റെ 21 അംഗ എക്സിക്യൂട്ടിവ് ബോഡിയിലേക്ക് വാഫിയെ തെരഞ്ഞെടുത്തു.നമ്മുടെ മാതൃക അറബ് യൂണിവേഴ്സിറ്റികൾ തുടരണമെന്ന് ഇവിടെ സന്ദർശിച്ചതിന് ശേഷം പ്രമുഖ അറബ് വിദ്യാഭ്യാസ വിദഗ്ദർ ആവശ്യപ്പെടുന്നു.ഇത് നമുക്ക് ലഭിച്ച അംഗീകാരമാണ്. അൽഹംദുലില്ലാഹ്.
ഈ സ്ഥാപനമുൾപ്പെടെ പാരമ്പര്യമുള്ള ഒട്ടേറെ സ്ഥാപനങ്ങൾ വാഫിയുടെ കൂടെയുണ്ട്.മഹാന്മാരുടെ ആത്മാവ് ഇതിന്റെ കൂടെയുണ്ടെന്നത് ഈ സംവിധാനത്തെ അല്ലാഹു ഏറ്റെടുക്കുന്നുവെന്നതിന്റെ തെളിവായി ഞാൻ കാണുന്നു.

മുസ്ലിം സമുദായത്തിന്റെ ഒരു പ്രത്യേകതയാണ് ചരിത്രത്തെ കുറിച്ച് കൂടുതൽ ആലോചിക്കാതെ വർത്തമാനത്തെക്കുറിച്ച് മാത്രമുള്ള ആലോചന. ഈയടുത്ത് വാട്ട്സപ്പിൽ വന്ന ഒരു മെസേജ് കണ്ടു. എത്രത്തോളം വിശ്വാസ്യ യോഗ്യമാണെന്നറിയില്ല, പക്ഷേ ഗുണപാഠം പ്രസക്തമാണ്. സിറിയയിലെ ഇരുപതിനായിരം അഭയാർത്ഥികൾ ഫിൻലന്റിലേക്ക് ചെന്നു.    വെള്ളിയാഴ്ച ജുമുഅ നടത്താൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്നതു കണ്ട ഇവർക്ക് അവരുടെ ഒരു ചർച്ച് ഒഴിഞ്ഞു കൊടുത്തു.പക്ഷേ ആര് ഖുതുബ നടത്തുമെന്ന കാര്യത്തിൽ അവർ അഞ്ച് ഗ്രൂപ്പുകളായിത്തിരിഞ്ഞു .സ്വാഭാവികമായും പ്രശ്നം പരിഹരിക്കാൻ വേണ്ടി പോലീസ് വന്നു,ജുമുഅ നടത്തണ്ട എന്ന തീരുമാനത്തിൽ ഇവരെ പിരിച്ചു വിട്ടു.ഇതു മുസ്ലീംകളുടെ ഒരു സ്വഭാവമായി മാറിയിരിക്കുന്നു.തുരപ്പൻ പണി ഒഴിവാക്കണം.നമ്മുടെ രീതി മാത്രമാണ് ശരി എന്ന ചിന്ത നമ്മൾ വിടണം. അടിസ്ഥാനപരമായി നടക്കേണ്ടത് എന്താണോ അവ നടക്കട്ടെ എന്നു കരുതണം.

വാഫീ സംവിധാനം എന്നാൽ ശുദ്ധമായ അക്കാദമിക കാര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള സംവിധാനമാണ്.വ്യവസ്ഥാപിതമായ ഘടനയിൽ രൂപീകരിച്ചിട്ടുള്ള 81 കോളേജുകളുടെ ഒരു കൂട്ടായ്മയാണിത്.ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലുള്ളവരൊക്കെ നമ്മുടെ കുട്ടികളെ പഠിക്കാൻ കിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും ഭാഷാരംഗത്തും സാഹിത്യ രംഗത്തും ചിന്താ രംഗത്തും ദീനി വിദ്യാഭ്യാസ രംഗത്തും എല്ലാം ശ്രദ്ധിക്കപ്പെടുന്ന ഒരു സംവിധാനമാണ് വാഫി.അത് പോലെയുള്ള സംവിധാനമാണ് ദാറുൽ ഹുദയും നമ്മുടെ മറ്റ് സംവിധാനങ്ങളും.
പാരമ്പര്യ വഴിയിൽ ആധുനിക കാലത്തിന്റെ രീതികളിൽ മുന്നോട്ട് പോകുന്ന സമന്വയ സംവിധാനത്തിന് കരുത്ത് പകരാൻ നമുക്ക് കഴിയട്ടെ.

Scripted by Jazeela Wafiyya Ambalakkandy

0 comments:

إرسال تعليق