الثلاثاء، 30 ديسمبر 2014

ഘര്‍ വാപസി, മുസ്ലിം ഐക്യ സമ്മേളനത്തിൽ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നടത്തിയ പ്രസംഗത്തിന്‍റെ സംഗ്രഹം.



ഐക്യശ്രമങ്ങളെ കുറിച്ചുള്ള ചർച്ചകള്‍ പലപ്പോഴും നമ്മള്‍ സംഘടിപ്പിക്കാറുള്ളത് ഒരു ഉപചാരത്തിന്‍റെ ഭാഗമായിട്ടാണ്. നാം ഒരു ഐക്യപ്പെടാത്ത സമൂഹമാണെന്ന് ആദ്യമേ നമ്മള്‍ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. ആ അനൈക്യത്തിന്‍റെ ഒരു സാധ്യതയായി ഈ സമ്മേളനങ്ങളും മാറുന്നു. യഥാര്‍ത്ഥത്തില്‍ ഐക്യപ്പെടണം എന്ന് ആഗ്രഹിച്ച് സംഘടിപ്പിക്കപ്പെടുന്ന ഇത്തരം പരിപാടികള്‍ ലക്ഷ്യം കാണണമെങ്കില്‍ അതിന് മുന്നോടിയായി ഗൌരവതരമായ കൂടിയാലോചനകളും ഗൃഹപാഠങ്ങളും നടക്കേണ്ടതുണ്ട്. ഏതൊക്കെ കാര്യങ്ങളില്‍ യോജിക്കാം, യോജിക്കാന്‍ കഴിയാത്ത വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നൊക്കെ കൃത്യമായ ഒരു നിശ്ചയത്തില്‍ എത്തിച്ചേര്‍ന്നതിന് ശേഷം പൊതുജനത്തെ അത് അറിയിക്കുകയാണ് വേണ്ടത്. അത് നമ്മുടെ ശ്രമങ്ങളെ കുറെക്കൂടി ഫലപ്രദമാക്കി മാറ്റും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാത്ത പക്ഷം ഇത്തരം പൊതു സമ്മേളനങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല.
നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന അളവിലുള്ള ഒരു ഭിന്നത മുസ്ലിംകള്‍ക്കിടയിലുണ്ടോ എന്ന് നാം ആലോചിക്കേണ്ടതാണ്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കാലത്ത് ഞാന്‍ പുറപ്പെടുന്നത് എന്‍റെ വീട്ടില്‍ തന്നെയുള്ള അനൈക്യത്തെ കുറിച്ച് ആലോചിച്ചു കൊണ്ടാണ്. പോത്തിറച്ചി ഞാന്‍ കഴിക്കില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അതിഷ്ടമാണ്. ചിലര്‍ മത്സ്യം കഴിക്കില്ല. വീടിന് അടിക്കേണ്ട പൈന്‍റിന്‍റെ കാര്യത്തില്‍ എനിക്കും മകനും വ്യത്യസ്ത ഇഷ്ടങ്ങളാണ്. അപ്പോള്‍ പരിപൂര്‍ണ്ണമായ ഒരു ഐക്യവും ഏകീകരണവും നടപ്പില്‍ വരണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത് വെറുതെയാണ്. എന്നാല്‍ മുസ്ലിംകള്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നു എന്നത് ഒരു ശരി തന്നെയാണ്. പക്ഷെ, അതു കൂലങ്കശമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല. കാരണം, അത്തരം പ്രകടവും ബാഹ്യവുമായ അനൈക്യം സ്വാഭാവികമായ കാര്യമാണ്.
ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ള മുസ്ലിംകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ അങ്ങനെ പറയത്തക്ക അനൈക്യമൊന്നുമില്ല എന്നതാണ് ശരി. മുന്നണി ഭരിക്കുമ്പോള്‍ കേരളം ഭരിക്കുന്ന രണ്ടാം കക്ഷിയായി മുസ്ലിംകള്‍ മുന്നില്‍ തന്നെയാണുണ്ടാകാറുള്ളത്. അതേ സമയം, അറബ് രാജ്യങ്ങളെല്ലാം ഒന്നിച്ചു നിന്ന് ഒരു രാജ്യമാകാനുള്ള വലിപ്പമേ ഉള്ളൂവെങ്കിലും അവരെല്ലാം ഛിന്നഭിന്നമായി കിടക്കുന്ന സങ്കടകരമായ കാഴ്ചയാണ് നാം കാണുന്നത്.
അത് കൊണ്ട് പരസ്പരമുള്ള ഈ കടിച്ചു കീറലുകളൊക്കെ ഏതാണ്ടെല്ലാവര്‍ക്കും മടുത്തു തുടങ്ങിയ ഈ സാഹചര്യത്തില്‍ നമ്മള്‍ പുതിയ തലമുറക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും നല്‍കുകയാണ് വേണ്ടത്. അനുഗ്രഹീതമായ ഒരു സമൂഹമാണ് മുസ്ലിം സമൂഹം, വിശിഷ്യാ കേരളീയ മുസ്ലിംകള്‍. നമുക്ക് അതീവ ശ്രദ്ധയോടെ ചര്‍ച്ച ചെയ്യേണ്ട അനവധി പ്രശ്നങ്ങളും അജണ്ടകളുണ്ട്.
നമുക്ക് അടിയന്തിരമായി ഉണ്ടാവേണ്ടത് ചില പൊതു അജണ്ടകളാണ്. ലോകത്താകമാനം തന്നെ, മുസ്ലിംകള്‍ക്ക് ലക്ഷ്യവും അജണ്ടയും ഇല്ലാത്തത് കൊണ്ടാണ് ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഉണ്ടാകുന്നത്. നമ്മുടെ അജണ്ടകള്‍ വിശാലമായ ചിന്തകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയവയും ആഗോള വീക്ഷണത്തോടെയുള്ളതും ആകേണ്ടതുണ്ട്.
നിര്‍ഭാഗ്യവശാല്‍ ഇന്ന് നമുക്കുള്ളത് വളരെ ഇടുങ്ങിയതും ഹൃസ്വവുമായ ലക്ഷ്യങ്ങളും കര്‍മ്മപദ്ധതികളുമാണ്. അത്തരം വിഷയങ്ങളില്‍ നേരത്തെ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് ഇവിടെ സൂചിപ്പിച്ച ഒരേ സ്ഥലത്ത് അനേകം പള്ളികളില്‍ നിന്ന് ഒരേ സമയം ബാങ്ക് വിളിക്കുന്നത് പോലുള്ള പ്രശ്നങ്ങളും ഉള്‍പ്പെടേണ്ടതുണ്ട്. വിഷയം എത്ര നിസ്സാരമാണെങ്കിലും പൊതു സമൂഹമാണ് നമ്മുടെ ഇത്തരം ഭിന്നതകളുടെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത്. അതു കൊണ്ട് തന്നെ മുസ്ലിംകളുടെയും ഇസ്ലാമിന്‍റെയും പൊതുവായ സല്‍പ്പേരിനെയാണ് അത് ബാധിക്കുന്നത്.
പള്ളി നിര്‍മ്മാണത്തിന്‍റെ കാര്യത്തിലുള്ള നിയന്ത്രണങ്ങളെ കുറിച്ച് ഇവിടെ പറയപ്പെടുകയുണ്ടായി. പള്ളി നിര്‍മ്മിക്കാന്‍ പക്ഷപാതപരമായും തത്വദീക്ഷയില്ലാതെയും ഭരണകൂടം തടസ്സം നില്‍ക്കുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യേണ്ടത് ഇവിടെ സന്നിഹിതനായിട്ടുള്ള കെ.പി.എ.മജീദ് സാഹിബിനെപ്പോലെയുള്ളവരാണ്. അതേസമയം നമ്മള്‍ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തിനാണ് നമുക്കിത്രയധികം പള്ളികള്‍? ഞാന്‍ വിചാരിക്കുന്നത് ഇന്ന് നമുക്ക് ആവശ്യത്തില്‍ കൂടുതല്‍ പള്ളികള്‍ നിര്‍മിക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രശ്നം എന്നാണ്. നമ്മള്‍ ഭിന്നിച്ച് പിരിയുമ്പോഴൊക്കെ സ്വന്തമായി പുതിയ പള്ളിയുണ്ടാക്കുന്നത് കൊണ്ട് ഒരു മുഴത്തിന് ഒരു പള്ളി എന്ന തോതിലെത്തിയിട്ടുണ്ട് ചിലയിടങ്ങളില്‍ കാര്യങ്ങള്‍. നമുക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ നാം നിര്‍മ്മിച്ചതും പരിശുദ്ധ ഖുര്‍ആന്‍ അതില്‍ നിസ്കരിക്കരുതെന്ന് പറഞ്ഞ തരത്തിലുള്ളതുമായ പള്ളികള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാറുകളെങ്കിലും ഒരു തടസ്സമായെങ്കില്‍ എന്ന് ചിന്തിച്ചു പോകുകയാണ്. അങ്ങനെയെങ്കിലും നാമെല്ലാവരും ഉള്ള പള്ളികളില്‍ തോളുരുമ്മി ചേര്‍ന്ന് നിന്ന് നമസ്കരിച്ചു നമസ്കരിച്ചു നമുക്കിടയില്‍ മഞ്ഞുരുക്കം ഉണ്ടായെങ്കില്‍ അതല്ലേ നല്ലത് എന്ന് ഞാന്‍ ചിന്തിച്ചു പോകുകയാണ്.
അതേ പോലെ തന്നെ നമ്മുടെ രാജ്യത്ത് നടന്നിട്ടുള്ള പുതിയ രാഷ്ട്രീയ മാറ്റങ്ങളോടുള്ള നമ്മുടെ സമീപനങ്ങളിലും ഈ ഒരു ബോധം നമുക്കുണ്ടാകേണ്ടതാണ്. പള്ളിയുടെ ഉദ്ഘാടനത്തിന് പാകിസ്ഥാന്‍റെ പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ഇന്ത്യയുടെ പ്രധാനമന്ത്രിയെ ക്ഷണിക്കാതിരിക്കുകയും ചെയ്യുക തുടങ്ങിയ വൃത്തി കെട്ട സമീപനങ്ങള്‍ നമ്മളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. അതിനുത്തരവാദി ചില വ്യക്തികളായിരുന്നെങ്കില്‍ സമാനമായ എഴുത്തുകളും ചിന്തകളുമാണ് വന്നു കൊണ്ടിരിക്കുന്നത്.
രാജ്യത്ത് നാം നേരിടേണ്ടി വരുന്ന പുതിയ വെല്ലുവിളികളെ ഉള്‍ക്കാഴ്ചയോടെയാണ് നാം നേരിടേണ്ടത്. എന്തിനു ഘര്‍വാപസി വരുമ്പോള്‍ നമ്മള്‍ പേടിക്കണം? റസൂല്‍ (സ) പറഞ്ഞ പോലെ ഓരോ മനുഷ്യനും ജനിക്കുന്നത് സത്യത്തെ സ്വയം തിരിച്ചറിയുന്ന തെളിഞ്ഞ മനസ്സുമായാണ്. അതാണ് ഘര്‍. ഫിത്വ് റ. ആ ഘറിലേക്ക് നമുക്കും തിരിച്ചു വിളിക്കാം. മാറ്റാനുള്ള ഒരു പ്രചരണം നടക്കുകയാണെങ്കില്‍ - വ്യക്തിപരമായി, ആരെയും പ്രതിനിധീകരിച്ച് കൊണ്ടല്ല - എനിക്കതില്‍ പ്രശ്നം തോന്നുന്നില്ല. കാരണം ഞാന്‍ മനസ്സിലാക്കുന്നത് ഘര്‍ വാപസി എന്ന പേരില്‍ അവര്‍ക്കും, ഫിത്വ് റയിലേക്ക് (ഇലല്‍ ഫിത്വ് റ) എന്ന പേരില്‍ നമ്മള്‍ക്കും മറ്റെന്തെങ്കിലും പേരില്‍ മറ്റുള്ളവര്‍ക്കും പരസ്പരം ക്ഷണിക്കാനും പ്രബോധനം ചെയ്യാനുമുള്ള അവകാശമുണ്ട്. ശരി ആളുകള്‍ തെരെഞ്ഞെടുക്കുകയും അര്‍ഹതയുള്ളത് നില നില്‍ക്കുകയും ചെയ്യട്ടെ. അതല്ലാതെ നമ്മള്‍ അസഹിഷ്ണുത കാണിക്കുകയും പ്രകോപിതരാകുയും ചെയ്യുകയല്ല വേണ്ടത്. എല്ലാ വാതിലുകളും തുറന്നു തന്നെ കിടക്കട്ടെ. ആര്‍ക്കു യഥേഷ്ടം പോകാനും വരാനും സാധിക്കട്ടെ. കാരണം, ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ഇസ്ലാം ഏതു ഘര്‍ വാപസി വന്നാലും അതിജയിക്കാന്‍ കഴിയുന്ന ഭദ്രമായ ചിന്തയും ജീവിത രീതിയുമാണ്. വെല്ലു വിളിക്കപ്പെട്ട കാലങ്ങളിലും സ്ഥലങ്ങളിലുമാണ് ഇസ്ലാം കൂടുതല്‍ വളര്‍ന്നിട്ടുള്ളത്. താര്‍ത്താരികളുടെ ആക്രമണ ശേഷവും അതു തന്നെയല്ലേ നമ്മള്‍ കണ്ടിട്ടുള്ളത്. മതം മാറ്റ നിരോധന ബില്ലിനെ നമ്മള്‍ ഒരു കാലത്ത് എതിര്‍ത്ത് തോല്‍പ്പിക്കുകയല്ലേ ചെയ്തത്. ഇത്തരം പ്രകോപനപരമായ യജ്ഞങ്ങളുടെ ആളുകള്‍ നമ്മളെക്കൊണ്ട് തന്നെ അത് തിരിച്ചു കൊണ്ടു വരാനുള്ള ആവശ്യം ഉന്നയിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ടോ എന്നും നമ്മള്‍ ചിന്തിക്കേണ്ടതാണ്.
ഖുര്‍ആന്‍ പറഞ്ഞത് പോലെ വേണ്ടവര്‍ വിശ്വസിക്കട്ടെ. വേണ്ടാത്തവര്‍ അവിശ്വസിക്കട്ടെ എന്നതാണ് ഇസ്ലാമിന്‍റെ നയം. ഹുദൈബിയ്യാ സന്ധിയില്‍ നബി (സ) സ്വീകരിച്ച നിലപാടും ഈ അവസരത്തില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്. മതം മാറി മദീനത്ത് എത്തുന്നയാളുകളെ മക്കത്തേക്ക് തിരിച്ചയക്കണമെന്നും മദീനത്ത് നിന്നും മക്കത്തേക്കു പോകുന്ന വിശ്വാസികളെ തിരിച്ചു വിടില്ലെന്നുമുള്ള ഉടമ്പടിയില്‍ ഒപ്പു വെക്കാന്‍ നബി (സ) ക്ക് സാധിച്ചത് ഇസ്ലാമിന്‍റെ അതി ജയ ശേഷിയെക്കുറിച്ചുള്ള ആത്മവിശ്വാസം കൊണ്ടാണ്. അടിസ്ഥാനപരമായി ആദാനപ്രദാനങ്ങള്‍ നടക്കുന്നതിനെ നമുക്കെതിര്‍ക്കേണ്ടതില്ല. എല്ലാവരും കളിക്കളത്തിലിറങ്ങി കളിക്കട്ടെ. ആര്‍ക്കാണ് ഗോളടിക്കാന്‍ സാധിക്കുക എന്ന് നോക്കാം.
നിര്‍ബന്ധിക്കുന്നതിനെയും ബലം പ്രയോഗിക്കുന്നതിനെയും മാത്രമെ നമ്മള്‍ എതിര്‍ക്കേണ്ടതുള്ളൂ. പ്രലോഭനങ്ങള്‍ കൊണ്ട് ഒന്നും പൂര്‍ത്തിയാകില്ല. അതു കൊണ്ടാണ് മാധ്യമം ലേഖകന്‍ അലിഗറില്‍ ചെന്നു നോക്കിയപ്പോള്‍ മതം മാറിയെന്ന് പറയപ്പെട്ട ചിലര്‍ നിസ്കരിക്കുന്നത് കണ്ടത്.
ചുരുക്കത്തില്‍, ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ മനഃസാക്ഷിയനുസരിച്ച് സംസാരിക്കാനും മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും നമുക്ക് സാധിക്കണം. പിരിഞ്ഞ് പോകുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ കിട്ടിയിരിക്കണം.

1 comments:

إرسال تعليق